Kerala
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ടു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി താത്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരൻ എംഎൽഎ.
പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ.
നൂറിലേറെ ആളുകളെയാണ് രണ്ട് ലക്ഷം രൂപാ വീതം വാങ്ങി താത്കാലികമായി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയത്. എല്ലാവർക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്.
എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീ സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ. രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയിൽ നടക്കുന്നത്. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കൽ കോളജിൽ സ്റ്റാഫിനെ നിയമിക്കുന്നത്.
മെഡിക്കൽ കോളജിലെ നിയമനങ്ങളെല്ലാം പിഎസ്സി വഴിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വഴി നടത്തണം. രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്നവർ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കൽ കോളജിൽ അനുവദിച്ചു കൂടെന്നും ജി. സുധാകരൻ പറഞ്ഞു.
District News
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് സുഖവാസകേന്ദ്രമായി മാറുന്നു. ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടും എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി മാറിന്നു. രേഖകളിൽ ചുമതലയുള്ള ഒരു എഎസ്ഐ ഉൾപ്പെടെ 12 പോലീസുകാരാണുള്ളത്. ഇതിൽ ഒരാൾ പോലീസ് സർജനൊപ്പവും മറ്റൊരാൾ ലയ്സൻ ഓഫീസർക്കൊപ്പവും മറ്റൊരാൾ പോലീസിനെ സഹായിക്കാനായി കോളജിൽ മെഡിക്കൽ റെക്കോർഡ്സ് ഓഫീസിലുമാണ് ജോലി ചെയ്യുന്നത്.
ശേഷിക്കുന്ന പോലീസുകാരാണ് മൂന്നു ടേണായി ജോലി ചെയ്യുന്നത്. എന്നാൽ, ഒരേസമയം മൂന്നു പേരിൽ കൂടുതൽ എയ്ഡ് പോസ്റ്റിൽ കാണാറില്ല.12 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ വിശ്രമമാണ് ഇവർക്ക്. ഡ്യൂട്ടിയുള്ള പോലീസുകാർ സുഖവാസകേന്ദ്രത്തിന് തുല്യമായ അവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്.
രാത്രികാല പരിശോധന പേരിനു പോലും നടത്താറില്ല. ആശുപത്രി പരിസരം പ്രത്യേകിച്ചും രാത്രികാലങ്ങളിൽ എല്ലാവിധ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും താവളമായി മാറുകയാണ്. ആശുപത്രി പരിസരത്ത് വാഹനമോഷണവും പതിവാണ്. മദ്യ, മയക്കുമരുന്ന് സംഘങ്ങളുടെ ഇടത്താവളമായി ആശുപത്രി പരിസരം മാറിയിട്ടും എയ്ഡ് പോസ്റ്റ് പോലീസ് അനങ്ങാറില്ല.
മാധ്യമ പ്രവർത്തകരടക്കം വിവരമറിയാൻ അന്വേഷിച്ചാലും ഒരു വിവരവും എയ്ഡ് പോസ്റ്റിൽനിന്ന് ലഭിക്കാറില്ല. ജോലി ചെയ്യാൻ താത്പര്യമില്ലാത്ത പോലീസുകാരേ തെരഞ്ഞുപിടിച്ച് ഇവിടെ നിയോഗിച്ചതുമൂലം എയ്ഡ് പോസ്റ്റ് സംവിധാനം കാഴ്ചവസ്തുവായി മാറി. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം ശക്തമായത്.
ആലപ്പുഴ മെഡിക്കൽ കോളജ് ഒഴികെ കേരളത്തിലെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും പോലീസ് സ്റ്റേഷനുണ്ട്. എന്നാൽ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിറ്റാണ്ട് പിന്നിട്ടിട്ടും പോലീസ് സ്റ്റേഷൻ യാഥാർഥ്യമായില്ല. വിശാലമായ കാമ്പസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മുൻകൈയെടുത്ത് പ്രാരംഭ പ്രവർത്തനം ആരംഭിച്ചിരുന്നു.
പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിനായി എസ്റ്റിമേറ്റുമെടുത്തിരുന്നു. എന്നാൽ, തുടർ പ്രവർത്തനം നിലച്ചതോടെ പോലീസ് സ്റ്റേഷൻ കടലാസിലതുങ്ങി. ഇപ്പോൾ രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരവകുപ്പ് മന്ത്രിയായതോടെ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് സംവിധാനം ഉടച്ചുവാർത്ത് ഇവിടെ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുണർന്നിരിക്കുകയാണ്.
ഇതിനായി ജി. സുധാകരൻ എംഎൽഎയും മുൻകൈയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: . ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി വി.ഡി.സതീശൻ. 2074 കോടി രൂപ ഇതിനായി വകയിരുത്തി.
തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകും. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന ഉറപ്പാക്കും. കാരുണ്യ സുരക്ഷാപദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
പറശിനിക്കടവ്: എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ പുതുതായി ആരംഭിച്ച ആയുർവേദ പനി ക്ലിനിക്കിന്റെ ഉദ്ഘാടനം എംവിആർ ഗ്രൂപ്പ് ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങൾക്കുള്ള വിദഗ്ധ പ്രതിരോധമാണ് ആയുർവേദമെന്ന് പ്രഫ. ഇ കുഞ്ഞിരാമൻ പറഞ്ഞു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ജോഷി ജോർജ് അധ്യക്ഷത വഹിച്ചു.
കായ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പനി ക്ലിനിക്കിൽ വിദഗ്ധ ഡോക്ടർമാരാണ് പരിശോധന നടത്തുന്നത്. മരുന്നുകൾ ,വിലക്കുറവിൽ ലഭിക്കും.
മെഡിക്കൽ സൂപ്രണ്ട് ഡോ. ജിഷ്ണു ചന്ദ്രൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സരിത, വൈസ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ് എന്നിവർ പ്രസംഗിച്ചു.
District News
അമ്പലപ്പുഴ: തകർന്ന റോഡും ട്രോളിയും വണ്ടാനം മെഡിക്കൽ കോളജിലെ മാലിന്യനീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആശുപത്രിയിലെ എല്ലാ വാർഡിൽ നിന്നുമുള്ള മാലിന്യം ഗൈനക്കോളജി വിഭാഗത്തിന്റെ തെക്കുഭാഗത്തുള്ള പ്ലാന്റിലേക്ക് എത്തിക്കുന്നത് 12 ഓളം വനിതകളാണ്. മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രോളിയും കൊണ്ടുപോകുന്ന വഴിയും തകർന്നുകിടക്കുന്നതാണ് സ്ത്രീ തൊഴിലാളികൾക്ക് ദുരിതമാകുന്നത്.
വാർഡുകളിൽനിന്ന് ഏകദേശം 300 മീറ്റർ ദൂരത്താണ് മാലിന്യ പ്ലാന്റ്. ഇവിടേക്കുള്ള റോഡ് കാലങ്ങളായി കുണ്ടും കുഴിയുമായി തകർന്നുകിടക്കുകയാണ്. ഗൈനക്ക് വിഭാഗത്തിലേക്കും മോർച്ചറിയിലേക്കും വിവിധ ക്വാർട്ടേഴ്സുകളിലേക്കുമുള്ള ഏക റോഡാണിത്. ആംബുലൻസും ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഈ റോഡിലൂടെ തകർന്ന ട്രോളി ഉന്താൻ ബുദ്ധിമുട്ടാണെന്ന് ശുചീകരണ തൊഴിലാളികൾ പറയുന്നു. ട്രോളി പലപ്പോഴും പണിമുടക്കുന്നതോടെ രോഗികൾ ഉപയോഗിക്കുന്ന വീൽചെയറുകളാണ് ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാർ മാലിന്യശേഖരണത്തിനായി കൊടുത്തുവിടുന്നത്. കനത്ത മഴയിൽ മഴക്കോട്ടുപോലുമില്ലാതെയാണ് വനിതകൾ മാലിന്യം തള്ളുന്നതെന്ന പരാതിയുമുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല.
District News
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിലെ ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെ പിടിയിലെന്ന് പരാതി. പട്ടാപ്പകൽ അസഭ്യ വർഷവും കൂട്ടയടിയും നടക്കുന്നതായും പരാതിയുണ്ട്. ഇതേ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം ബസ് സ്റ്റാൻഡിൽ രണ്ട് യുവാക്കൾ ഒരു സ്ത്രീയുടെ ഇരുവശങ്ങളിലായി ഇരിക്കുകയായിരുന്നു. ഈ സമയം ഒരു യുവാവ് ഇവരുടെ സമീപത്തു വന്ന് ഈ സ്ത്രീയോട് എന്തോ പറഞ്ഞു. ഇതു കേട്ട് സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന ഒരു യുവാവ് അയാളെ അസഭ്യം പറയുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വലിച്ചെറുകയും ചെയ്തു. അമിതമായി മദ്യപിച്ചിരുന്ന യുവാവ് നിലത്തു വീണ തന്റെ മൊബൈൽ ഫോൺ തറയിൽ നിന്നും എടുത്തു കൊണ്ടു പോയി. അൽപ സമയം കഴിഞ്ഞപ്പോൾ മദ്യപാനിയായ മറ്റൊരു യുവാവ് വന്നു ഈ സ്ത്രീയോട് എന്തോ പറഞ്ഞു. ഉടൻ സ്ത്രീ ഈ യുവാവിനെ മർദിച്ചു.
തുടർന്ന് ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിന്റെ വെളിയിൽ വന്ന യുവാവിനെ ഈ സ്ത്രീയും ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി എല്ലാവരേയും ഓടിച്ചു വിടുകയായിരുന്നു.
മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നതായും പരാതിയുണ്ട്. സർക്കാരിന്റെ തൂഫാൻ പദ്ധതി വന്നതോടെ ബസ് സ്റ്റാൻഡിലെ കഞ്ചാവ് കച്ചവടക്കാർ അവിടെ നിന്നും തത്കാലം മുങ്ങിയിരിക്കുകയാണ്. എന്നാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായെന്നാണ് ഇവിടുത്തെ വ്യാപാരികൾ പറയുന്നത്. ഇത് ബസ് യാത്രക്കാരായ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയുമാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ അത്യാധുനിക സജ്ജീ കരണങ്ങളോടുകൂടിയ മൾട്ടി മോഡൽ റെറ്റിനൽ ഇമേജിംഗ് സിസ്റ്റം സ്ഥാപിക്കും. ജോൺ ബ്രിട്ടാസ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. മുൻ മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
റെറ്റിനയെ ബാധിക്കുന്ന രോഗങ്ങളുടെയും ഗ്ലോക്കോമയുടെയും രോഗനിർണയത്തിനും കൂടുതൽ കൃത്യതയോടെയുള്ള ചികിത്സാ പുരോഗതിക്കും ഈ മെഷീൻ ഏറെ സഹായകരമാണ്.
ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഒഫ്താൽമോളജി വകുപ്പ് മേധാവി ഡോ. എൻ. വിജയമ്മ, ഒഫ്താൽമോളജി വിഭാഗം ഡോ. മഞ്ജിത്ത് തുടങ്ങിയവരുടെ വിദഗ്ധാഭിപ്രായങ്ങളും നിർദേശങ്ങളും ത്വരിതഗതിയിലുള്ള ഇടപെടലിന് സഹായിച്ചിട്ടുണ്ട്. 1.2 കോടി രൂപ വിലമതിക്കുന്ന ഉപകരണം വാങ്ങുന്നതിനായി ബാക്കി 20 ലക്ഷം രൂപ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഫണ്ടിൽനിന്നാണ് കണ്ടെത്തിയിരിക്കുന്നത്. മെഷീന്റെ ഡെമോയ്ക്ക് ശേഷം ഉടൻ പ്രവർത്തനമാരംഭിക്കും.
District News
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ വൻമരം കടപുഴകി. മെഡിക്കൽ കോളജ് ഇന്ത്യൻ കോഫി ഹൗസിൽ നിന്നും പ്രിൻസിപ്പൽ ഓഫീസിലേക്ക് പോകുന്ന റോഡിന്റെ ഇടത് വശത്തു നിന്നിരുന്ന മരമാണ് കടപുഴകി വീണത്.
ഈ ഭാഗത്തേയ്ക്ക് രോഗികളോ കൂട്ടിരിപ്പുകാരോ പോകാത്ത സ്ഥലം അല്ലാത്തതിനാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രി 12.30 നായിരുന്നു സംഭവം.
മരം വീണതിനെ തുടർന്ന് ആശുപത്രി അധികൃതർ അഗ്നിശമന സേനാ അധികൃതരെ വിവരം അറിയിക്കുകയും ഉടൻ തന്നെ അവരെത്തി മരം മുറിച്ച് മാറ്റുകയും ചെയ്തു.
District News
മുളങ്കുന്നത്തുകാവ്: 12 വര്‍ഷമായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുടങ്ങിക്കിടന്ന ഓഡിറ്റിംഗിനു തുടക്കമായി. സംസഥാന ഓഡിറ്റ് വകുപ്പിന്റെ പത്തംഗസംഘമാണ് ഓഡിറ്റിംഗ് നടത്തുന്നത്. ആശുപത്രികണക്കുകള് ശരിയാക്കി രേഖകള്‍ വകുപ്പിനു കൈമാറാൻ ആശുപത്രി അധികൃതര്‍ വൈകിയതാണ് ഓഡിറ്റിംഗ് നടക്കാതിരുന്നതിനു കാരണം. ഒരു സാമ്പത്തികവര്‍ഷം നൂറുകോടിയില്‍ കൂടുതല്‍ രൂപയുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. ഓരോവര്‍ഷവും ഓഡിറ്റ് റിപ്പോർട്ട് നല്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഇവിടെ പാലിക്കപ്പെട്ടില്ല. 2013 മുതല്‍ 1400 കോടി രൂപയുടെ കണക്കുകളാണ് ഇവിടെ ശരിയാക്കാനുള്ളത്.
ആശുപത്രി വികസന ഫണ്ടില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അന്നത്തെ ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായിരുന്നില്ല.
അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അഞ്ചുവര്‍ഷത്തെ ദൈനംദിന കണക്കുകള്‍മാത്രമാണ് ആരോഗ്യവകുപ്പ് ഓഡിറ്റിംഗിനു വിധേയമാക്കിയത്. നിരവധി അഴിമതി ആരോപണങ്ങള്‍ അന്ന് ഉയര്‍ന്നെങ്കിലും പിന്നിട് അന്വേഷണം കൃത്യമായി നടന്നിരുന്നില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടത്.
District News
തിരുവനന്തപുരം: നെടുമങ്ങാട് മുക്കോല ജംഗ്ഷനില്‍ നിന്നു മത്സ്യം വാങ്ങി വീട്ടിലെത്തിച്ച് പാചകം ചെയ്തു കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെ മെഡിക്കല്‍ കോളജിലും എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നെടുമങ്ങാട് പുതുക്കുളങ്ങര ചാരുംമൂട് വിപിന്‍ കോട്ടേജില്‍ ക്രിസ്റ്റല്‍ഡ (66) മകന് അരുണ്‍രാജ് (41) ഭാര്യ അരുണിമരാജ് (33) മക്കളായ അബിറോണ്‍ (ഒമ്പത്) റോണീറ്റോ (നാല്) എന്നിവരാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നെടുമങ്ങാട് മുക്കോല ജംഗ്ഷനു സമീപത്തുള്ള മീന്‍കടയില്‍ നിന്നും വിപിന്‍രാജ് ഞവര ഇനത്തില്‍പ്പെട്ട മത്സ്യം വാങ്ങിയത്. വ്യാഴാഴ്ച മത്സ്യം പാചകം ചെയ്ത് കഴിച്ചതോടെയാണ് ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ആദ്യം ശരീരമാസകലം ചൊറിച്ചില്‍ ആയിരുന്നു. പിന്നീട് വയറില്‍ പുളിച്ചു തികട്ടല്‍ തുടങ്ങി. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ആയപ്പോള്‍ കാലുകള്‍ക്ക് മരവിപ്പും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമായി. അരുണിമരാജ് ശരീരം തളര്‍ന്നു വീഴുകയും ചെയ്തു.
ഉടന്‍തന്നെ എല്ലാവരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തിയത്. ക്രിസ്റ്റല്ഡയേയും വിപിന്‍രാജിനേയും അരുണ്‍രാജിനെയും മെഡിക്കല്‍ കോളജിലും മക്കളായ അബിറോണ്‍, റോണിറ്റോ എന്നിവരെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയറിളക്കം, ഛര്‍ദ്ദി, കാല്‍മുട്ടിന് താഴെയുള്ള മരവിപ്പ്, വയര്‍ വായുനിറഞ്ഞ് അസ്വസ്ഥത, തലയ്ക്കുപെരുപ്പ് തുടങ്ങുകയാണ് രോഗങ്ങള്‍.
നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ അനധികൃത മത്സ്യക്കച്ചവടം വ്യാപകമാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ മീന്‍ കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാന്‍ നഗരസഭയ്ക്കോ ആരോഗ്യവകുപ്പിനോ സാധിക്കുന്നില്ല.
മിക്ക കടകളിലും കേടായ മത്സ്യത്തിന്റെ യഥാര്‍ഥ അവസ്ഥ അറിയാതിരിക്കാനായി വര്‍ണവിളക്കുകള്‍ ഇട്ടാണ് കച്ചവടം നടത്തുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തില്‍ രണ്ട് കുടുംബങ്ങള്‍ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു.
District News
ഇടുക്കി: മെഡിക്കല്‍ കോളജിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അവലോകന യോഗത്തില്‍ കര്‍ശന നിര്‍ദേശം. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ കോളജ് അധികൃതരുടെ യോഗത്തിലാണ് ആശുപത്രിയുടെ വികസനം ത്വരിതപ്പെടുത്താനുള്ള നിര്‍ദേശം.
16.2 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കരാറുകാരനുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കുന്നതാണ് തടസമെന്ന് നിര്‍മാണ ഏജന്‍സിയായ കിറ്റ്കോ അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയശേഷം റീടെന്‍ഡര്‍ വിളിക്കാന്‍ യോഗം നിര്‍ദേശിച്ചു.
വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കിറ്റ്കോയ്ക്ക് നിര്‍ദേശം നല്കി. 9.66 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 11 കെവി സബ് സ്റ്റേഷന്റെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട തടസം നീക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അനുമതി തേടും. 10.8 കോടിയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.
പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി. ഹോസ്റ്റല്‍ ജൂലൈ 15 മുതല്‍ പ്രവര്‍ത്തന സജ്ജമാകും. അനധ്യാപക ജീവനക്കാര്‍ക്കുള്ള ഹോസ്റ്റല്‍ ഓഗസ്റ്റ് അവസാനവും ഇന്റേണ്സായ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ ഡിസംബര്‍ 31 നും നിര്‍മാണം പൂര്‍ത്തിയാകും.
വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം ഓഗസ്റ്റ് 20നകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അധ്യക്ഷത വഹിച്ചു.
District News
തിരുവല്ല: മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ അത്യാധുനിക ഇയുഎസ് - ആർഎഫ്എ ചികിത്സ വിജയകരമായി പൂർത്തിയാക്കി. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ദീപക് ജോൺസന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
കൊച്ചിക്കു പുറത്ത് ഇത്തരമൊരു അത്യാധുനിക എൻഡോസ്കോപ്പിക് ചികിത്സാരീതി ആദ്യമായാണ് വിജയകരമായി നിർവഹിക്കുന്നത്. ഗ്യാസ്ട്രോ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരും എൻഡോസ്കോപ്പി നഴ്സുമാരും ടെക്നീഷന്മാരും അടങ്ങിയ സംഘമാണ് ചികിത്സ നടത്തിയത്.
50 വയസുള്ള സ്ത്രീയുടെ പാൻക്രിയാസിൽ കണ്ടെത്തിയ ന്യൂറോ എൻഡോക്രൈൻ ട്യൂമറാണ് തത്സമയ എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് മാർഗനിർദേശത്തോടെയുള്ള റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ വഴി വിജയകരമായി നീക്കം ചെയ്തത്. പരമ്പരാഗത ശസ്ത്രക്രിയകളിലെ സങ്കീർണതകൾ ഒഴിവാക്കിക്കൊണ്ട് ട്യൂമർ കോശങ്ങളെ എൻഡോസ്കോപ്പി വഴി കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്ന മിനിമലി ഇൻവേസീവ് ചികിത്സാരീതിയാണിത്. രോഗിയെ യാതൊരുവിധ ശാരീരികബുദ്ധിമുട്ടുകളും ഇല്ലാതെ തൊട്ടടുത്ത ദിവസംതന്നെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു.
അഡ്വാൻസ്ഡ് തെറാപ്യൂട്ടിക് എൻഡോസ്കോപ്പി രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ബിലീവേഴ്സ് ആശുപത്രി ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. പാൻക്രിയാസ്, ലിംഫ് നോഡുകൾ എന്നിവയിലുണ്ടാകുന്ന മുഴകൾക്കും അതുപോലെ സീലിയാക് ഗാംഗ്ലിയൻ അധിഷ്ഠിത വേദനസംഹാരചികിത്സകൾക്കും ഏറ്റവും അനുയോജ്യവും ഫലപ്രദവുമായ ചികിത്സാസമ്പ്രദായമാണിത്.
ഉന്നതനിലവാരത്തിലുള്ള രോഗീപരിചരണവും അത്യാധുനിക ചികിത്സാസൗകര്യങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ബിലീവേഴ്സ് ആശുപത്രി നടത്തുന്ന നിരന്തരപരിശ്രമങ്ങളുടെ ഫലമാണ് ഡോ. ദീപക് ജോൺസന്റെയും സംഘത്തിന്റെയും ഈ വിജയമെന്ന് കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജരുമായ ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു.
District News
ബദിയഡുക്ക: കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മെഡിക്കല്‍ കോളജിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സിവേജ് പ്ലാന്റ് എന്നിവ പുതുതായിത്തുടങ്ങാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കല്ലട്ര മാഹിന്‍ എംഎല്‍എ.
പ്രതിമാസ അവലോകനത്തിനായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെ സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ന്യൂറോ വിഭാഗത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാണിത്. പൂര്‍ണ സജ്ജമായി പ്രവര്‍ത്തനനിരതമാകുന്നതോടെ കാസര്‍ഗോട്ടെ മലയോരമേഖലയില്‍ താമസിക്കുന്നവര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മെഡിക്കല്‍ കോളജ് ആശ്രയം ആകണമെന്ന് എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ കോളജ് ഇന്റണല്‍ റോഡുകളുടെയും ആശുപത്രി കെട്ടിടങ്ങളുടെയും പ്രവൃത്തി ത്വരിത പ്പെടുത്താന് കളക്ടര്‍ നിര്‍ദേശം നല്കി. കെട്ടിടങ്ങളുടെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കുടിവെള്ള സൗകര്യം ഒരുക്കിയതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. പഠനാവധി കഴിഞ്ഞ് തിരിച്ചുവരുന്ന എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ തുറന്നുകൊടുക്കും.
ഇവിടെ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞമാസത്തെ അവലോകന യോഗത്തില്‍ ഹോസ്റ്റല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.
നഴ്സിംഗ് കോളജിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള കെട്ടിടത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി കാന്റീന് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ എ. അരുണ്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.ജി. സിന്ധു, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പ്രവീണ്‍, നഴ്സിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശോഭ, ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ്. ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.
Kerala
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അർധരാത്രി 12 ഓടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വാർഡിന് സമീപം കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
സാവിത്രി ദേവി സാബു വാർഡിലേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചു. പ്രത്യേക വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. പരിസരത്തെ പാർക്കിംഗും പൂർണമായി നിരോധിച്ചു. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ പ്രധാന ഗേറ്റ് ഉപയോഗിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി കർശനമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.
District News
ഉളളൂര്‍: ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് വിമന്‍ ഫാര്‍മര്‍ വര്‍ഷമായ 2026-ല്‍ പുതുതായി രൂപീകരിച്ച ഹരിത വനിതാ ബ്രിഗേഡിന്റെ പരിസ്ഥിതി സംരക്ഷണം ജനശ്രദ്ധയാകര്‍ഷിക്കുന്നു.
കാമ്പസിലാകെ സുഗന്ധം പരത്തുന്ന പയലാംഗ് യലാംഗ് എന്ന വൃക്ഷത്തിന്റെ തൈ നട്ടുകൊണ്ടാണ് ഹരിത വനിതാ ബ്രിഗേഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കാട്ടു ചെമ്പകം എന്നറിയപ്പെടുന്ന വൃക്ഷത്തിന്റെ പൂവിലൂടെ കാമ്പസിനെ മൊത്തത്തില്‍ സുഗന്ധപൂരിതമാക്കുക എന്നതിനൊപ്പം കാമ്പസിനെ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതുകൂടി ലക്ഷ്യമിടുന്നു.
കാര്‍ഷിക മേഖലയില്‍ സ്ത്രീകള്‍ നല്കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഈ വിമന്‍ ഇയര്‍ പ്രചോദനമേകുമെന്നാണ് വനിതാ ബ്രിഗേഡിന്റെ പ്രതീക്ഷ.
ഹരിത വനിതാ ബ്രിഗേഡില്‍ മെഡിക്കല്‍ കോളജ്, നഴ്സിംഗ് കോളജ്, ഡെന്റല്‍ കോളജ് എന്നിവിടങ്ങളിലെ ഓരോ വകുപ്പില്‍ നിന്നും ഒരു ഫാക്കല്‍റ്റി അംഗം ഉണ്ടാകും. സന്നദ്ധപ്രവര്‍ത്തനമാണ് പരിസ്ഥിതി കാര്യനിര്‍വഹണത്തിന്റെ പ്രധാന അജൻഡ.
കാമ്പസിലെ എല്ലാ ഹരിത പ്രവര്‍ത്തനങ്ങളുടെയും ചുമതല വഹിക്കുന്നതിനായി ചെയര്മാന്, വൈസ് ചെയര്മാന്, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ 10 അംഗങ്ങളുടെ ഒരു കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിലെ 'സിസ്റ്റം എറർ' ആണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് (55) കഴിഞ്ഞ ജൂൺ 1-ന് മെഡിക്കൽ കോളേജ് വാർഡിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകളുടെ മകൻ ബെഡിൽ നിന്നും കാല് ഉയർത്തി നോക്കിയപ്പോഴാണ് പുഴുക്കൾ കിടക്കയിലേക്ക് തുടരെത്തുടരെ വീഴുന്നത് കണ്ടത്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ മേയ് 28-നുണ്ടായ ബൈക്കപകടത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വാർഡിലേക്ക് മാറ്റിയ രോഗിക്ക് കൃത്യമായ പരിചരണം നൽകുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
District News
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസിന് രാജിക്കത്ത് നൽകി.
പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിൽ മുൻകൂട്ടി തന്നെ ഇരുവരും രാജിക്കത്ത് നൽകുകയായിരുന്നു. എന്നാൽ, രണ്ടു പേരും ജോലിത്തി രക്കിന്റെ പേരിലാണ് രാജിക്കത്ത് നൽകുന്നതെന്നാണ് പ്രിൻസിപ്പലിനെ അറിയിച്ചിട്ടുള്ളത്.
പ്രിൻസിപ്പൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം സർക്കാർ തീരുമാനം വരുന്നതുവരെ തത്സ്ഥിതി തുടരാൻ ഇരുവർക്കും നിർദേശം നൽകിയിരിക്കുകയാണ് പ്രിൻസിപ്പൽ.
Kerala
ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെൺകുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതർ കുട്ടിയെ ഏറ്റെടുക്കുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെൺകുട്ടി ആവശ്യവുമായെത്തിയത്. പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു പെൺകുട്ടി.
കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചത്. തുടർന്ന് കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ദത്തെടുക്കല്‍ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് മാറ്റിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരോട് പെണ്‍കുട്ടി സഹകരിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ കൗണ്‍സലിംഗിന് ഒടുവില്‍ കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംഭവം പ്രത്യേക സമിതി അന്വേഷിക്കും. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നല്‍കണം. കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈക്ക് അപകടത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലാണ് പുഴു അരിച്ച നിലയിലായത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ മാസം 28നായിരുന്നു രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. തുടര്‍ന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാളുടെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരുന്നു.
സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.
വാർഡിലെത്തിച്ച രോഗിയുടെ കെട്ടിവെച്ചിരുന്ന കാലിൽ പുഴുക്കൾ അരിക്കുന്നതായി കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ വാർഡിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി അധികൃതർ ഒടുവിൽ മുറിവ് വൃത്തിയാക്കുകയും രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റുകയും ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ദുരിതം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് ഹൈക്കോടതി.
മെഡിക്കല്‍ വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെയും അധികൃതരുടെയും മോശം സമീപനം സംബന്ധിച്ച പരാതി ഏറിവരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള നിര്‍ദേശം.
പഠനകാലത്ത് തനിക്കു നേരിടേണ്ടിവന്ന പീഡനം ഈ കുട്ടികളും അനുഭവിക്കട്ടേയെന്ന അമ്മായിയമ്മ സിന്‍ഡ്രോം ആകാം മിടുക്കന്മാരായ കുട്ടികളുടെ ഭാവി ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കു കാരണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
അച്ചടക്കകാര്യത്തില്‍ കണിശത കാട്ടുന്ന തന്നോട് കുട്ടികള്‍ക്കു ദേഷ്യമാണെന്നും താനല്ല നിതിന്റെ മരണത്തിനു കാരണമെന്നുമായിരുന്നു ഡോ. റാമിന്റെ വാദം. മാധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
എന്നാല്‍, ഹര്‍ജിക്കാരനെതിരേ കുട്ടികളുടെയടക്കം മൊഴിയുണ്ടെന്നും മറ്റു തെളിവുകളുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരനുഭവം ഉണ്ടായത്. ഗുരുതര ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മേയ് 28ന് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്രപ്രസാദിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തിരുന്നു.
സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് രോഗിയെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിച്ചതായി കണ്ടെത്തിയത്.
രോഗിയുടെ അവസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആശുപത്രി അധികൃതർ രോഗിയെ അടിയന്തരമായി വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൽ വിദ്യാർഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകർക്കെതിരേ നടപടിക്കു സാധ്യത. ഡോക്ടർമാരായ അനിത കുമാരി, സ്മിത എന്നിവർക്കെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ഡിഎംഇയോട് (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ) ആരോഗ്യമന്ത്രി അടിയന്തരമായി ആവശ്യപ്പെട്ടു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു മന്ത്രി വ്യക്തമാക്കി. സൈക്യാട്രി വിഭാഗത്തിലെ 12 പിജി വിദ്യാർഥികളാണ് അധ്യാപകർക്കെതിരേ മാനസിക പീഡന പരാതി നൽകിയത്.
അന്വേഷി മൂന്നംഗ സമിതി കഴിഞ്ഞ ബുധനാഴ്ച ഡിഎംഇയ്ക്കു റിപ്പോർട്ട് സമർപ്പിച്ചു. പരാതി ശരിവയ്ക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്നും ശിപാർശ ചെയ്യുന്നുണ്ട്. എന്നാൽ, സമിതി റിപ്പോർട്ട് നൽകിയിട്ടും അധ്യാപകർക്കെതിരേ നടപടി വൈകുന്നതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു. പൊതുവേദിയിലും രോഗികളുടെ മുന്നിലുംവച്ച് അധ്യാപകർ തങ്ങളെ നിരന്തരം അപമാനിക്കുന്നത് പതിവാണെന്നാണു വിദ്യാർഥികളുടെ പരാതി. കടുത്ത മാനസിക പീഡനം കാരണം രണ്ടു വിദ്യാർഥികൾ രണ്ടാഴ്ചയോളം അവധിയിൽ പ്രവേശിച്ചിരുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും അപമാനിക്കലും മാനസികപീഡനവും ഇപ്പോഴും തുടരുകയാണെന്നും വിദ്യാർഥികൾ പറയുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. മരത്തിൽനിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയ ഭരതന്നൂർ കരിങ്കട സ്വദേശിയായ മധുവിന്റെ തുന്നലിട്ട മുറിവിനുള്ളിൽ നിന്ന് മരക്കഷണം കണ്ടെത്തിയെന്നാണ് പരാതി.
രണ്ട് മാസത്തിന് ശേഷമാണ് അഞ്ച് സെന്റിമീറ്റർ നീളമുള്ള മരക്കഷണം കണ്ടെത്തിയത്. മാർച്ച് 21ന് ആയിരുന്നു മധു മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇതേ തുടർന്ന് കാലിന്റെ എക്സ്റേ എടുക്കുകയും മുറിവ് തുന്നിക്കെട്ടി മധുവിനെ വീട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.
രണ്ട് മാസത്തിന് ശേഷവും മുറിവ് ഉണങ്ങാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയിലാണ് മുറിവിനുള്ളിൽ മരക്കഷണം കണ്ടെത്തിയത്.
പിന്നാലെ നടത്തിയ ശസ്ത്രക്രിയയിലൂടെ മരക്കഷണം പുറത്തെടുക്കുകയായിരുന്നു. ചികിത്സാപ്പിഴവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചു.
District News
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളമെത്തി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടി വെള്ളം മുടങ്ങിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. ഹൃദയ ശസ്ത്രക്രിയ അടക്കം വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ മുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക കൃത്യം നിർവഹിക്കാൻ വെള്ളമില്ലാതെ വലഞ്ഞു.
വാട്ടർ അഥോറിട്ടിയുടെ മെഡിക്കൽ കോളജിന് സമീപമുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് നേരിട്ടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഡിസിഎച്ച് ലാബിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. തുടർന്ന് രാവിലെ മുതൽ പൈപ്പ് നന്നാക്കാൻ ശ്രമം നടന്നെങ്കിലും രാത്രിയിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച അർധരാത്രിയോടെയാണ് തകരാർ പരിഹരിച്ച് ആശുപത്രിയിൽ വെള്ളമെത്തിയത്. ഒരാഴ്ച മുമ്പും ആശുപത്രിയിൽ വെള്ളം മുടങ്ങി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
Kerala
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ നിലമ്പൂര്‍ സ്വദേശി പ്രശാന്തനാണ് മര്‍ദനമേറ്റത്.
രോഗിയുടെ കൂടെ കൂടുതല്‍ ആളുകളെ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴുത്തിനു പരിക്കേറ്റ പ്രശാന്തനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
National
കോൽക്കത്ത: രാജ്യത്തെയാകെ നടുക്കിയ കോൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ പീഡന-കൊലപാതക കേസിലെ പ്രാരംഭ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മൂന്ന് മുതിർന്ന ഐപിഎസ് ഓഫീസർമാരെ പശ്ചിമ ബംഗാൾ സർക്കാർ സസ്പെൻഡ് ചെയ്തു.
കോൽക്കത്ത മുൻ പോലീസ് കമ്മീഷണർ വിനീത് ഗോയൽ, മുൻ ഡെപ്യൂട്ടി കമ്മീഷണർമാരായ അഭിഷേക് ഗുപ്ത, ഇന്ദിര മുഖർജി എന്നിവർക്കെതിരെയാണ് നടപടി.
വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ, കേസിൽ നീതി ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് ഈ അടിയന്തര നടപടി.
Kerala
വട്ടപ്പാറ: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു. ഏണിക്കര വേങ്കോട് സിഎസ്ഐ ചർച്ചിന് സമീപം സ്വപ്നതീരം വീട്ടിൽ വേണുകുമാർ (57) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്താണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.
ഭാര്യ: ബിന്ദു. മക്കൾ: മഹേഷ് കുമാർ,നിതീഷ് കുമാർ. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്ക് നൽകുന്ന പരിശോധനാ റിപ്പോർട്ടുകളിൽ അതീവ ഗുരുതരമായ വീഴ്ച. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 24 വയസ്സുകാരന്റെ സ്കാനിംഗ് റിപ്പോർട്ടിലാണ് ഗർഭപാത്രവും അണ്ഡാശയവും സാധാരണ നിലയിലാണെന്ന വിവരങ്ങൾ രേഖപ്പെടുത്തി നൽകിയത്. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സ്വദേശിയായ ഷിഹാസിനാണ് ഈ ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ഫെബ്രുവരി 15-നാണ് കഠിനമായ വയറുവേദനയെത്തുടർന്ന് ഷിഹാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയത്തെത്തുടർന്ന് ഡോക്ടർമാർ അൾട്രാ സൗണ്ട് സ്കാനിംഗിന് നിർദേശിച്ചു.
ഫെബ്രുവരി 16ന് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ സ്കാനിംഗ് നടത്തി. എന്നാൽ അന്ന് ലഭിച്ച റിപ്പോർട്ടിൽ ഒരു പുരുഷന്റെ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത ഗർഭപാത്രം, അണ്ഡാശയം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെട്ടു.
വേദന കുറഞ്ഞതിനെത്തുടർന്ന് അന്ന് ഷിഹാസ് റിപ്പോർട്ട് വിശദമായി പരിശോധിച്ചിരുന്നില്ല. ഇന്ന് ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ മറ്റൊരു ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് സ്കാനിംഗ് റിപ്പോർട്ടിലെ ഈ അബദ്ധം ശ്രദ്ധയിൽപ്പെടുന്നത്. റിപ്പോർട്ട് കണ്ട ഡോക്ടർ അത്ഭുതപ്പെടുകയും ഷിഹാസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പരാതിയുമായി മെഡിക്കൽ കോളേജിലെത്തിയ ഷിഹാസിനോട് ജീവനക്കാർ മോശമായി പെരുമാറിയതായി ആരോപണമുണ്ട്. തെറ്റായ റിപ്പോർട്ട് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അധികൃതർ അത് വാങ്ങി ചുരുട്ടിക്കൂട്ടിയതായും പിന്നീട് പ്രതിഷേധിച്ചപ്പോഴാണ് തെറ്റ് തിരുത്തി പുതിയ പ്രിന്റ് നൽകിയതെന്നും ഷിഹാസ് പറഞ്ഞു.
മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയ്ക്കെതിരെ ഷിഹാസ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായ ഇത്തരം പിഴവുകൾ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയുള്ളതിനാൽ സംഭവത്തിൽ കർശന അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
Kerala
ചക്കരക്കൽ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു വീണു ബിഡിഎസ് വിദ്യാർഥി മരിച്ചു. ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിധിൻരാജാണ് (23) മരിച്ചത്.
തിരുവനന്തപുരം ചാലക്കടവ് സ്വദേശി വൈ.എൽ. രാജൻ-സി.ആർ. ലത ദന്പതികളുടെ മകനാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.
നിധിൻരാജ് ലിഫ്റ്റിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവയിലെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ ഐസിയുവിൽനിന്നു മാറ്റിയ അഞ്ച് രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.
മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലായിരുന്നു തീപിടിത്തമുണ്ടായത്. സംഭവത്തിൽ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണത്തിന് നിര്‍ദേശം നൽകിയത്. അഞ്ച് ആഴ്ചക്കുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
ഐസിയുവിൽനിന്നു രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികൾ, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ, ഫോറൻസിക് വിദഗ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങൾ ക്രോഡീകരിച്ചായിരിക്കണം റിപ്പോര്‍ട്ടെന്നും ഉത്തരവിലുണ്ട്.
ഡോക്ടർമാർ, മറ്റ് ജീവനക്കാർ, കൂട്ടിരിപ്പുകാർ, മരിച്ചവരുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. മരിച്ചവരുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തെക്കുറിച്ച് പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. സർക്കാരിന്റെയും ഡിഎംഇയുടെയും പ്രതിനിധി മേയ് എട്ടിന് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ തീപിടിച്ച സംഭവത്തിൽ ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകി സൂപ്രണ്ട്. തീപിടിത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങളോടെയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീപിടിത്തമുണ്ടായ ദിവസവും അടുത്ത ദിവസവും ആശുപത്രിയിൽ സംഭവിച്ച മണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും കൈമാറി. അഞ്ച് പേരുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടർന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവർക്ക് അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സഹായവും നൽകിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
രോഗികളെ മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒൻപത് ജീവനക്കാർക്കും ചികിത്സ നൽകിയെന്നാണ് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവിമാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിച്ച സമയത്ത് ഉണ്ടായിരുന്ന 31 രോഗികളെ മറ്റു ഐസിയു വിഭാഗങ്ങളിലേക്ക് മാറ്റി പ്രവേശിപ്പിച്ചെന്നും ആവശ്യമായ ചികിത്സ തുടരുന്നതിനായി ഒരു പുതിയ ഐസിയു യൂണിറ്റ് അടിയന്തരമായി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
സംഭവത്തിൽ രോഗികൾക്ക് പൊള്ളലോ മറ്റു ശാരീരിക പരിക്കുകളോ ഉണ്ടായിട്ടില്ല. എല്ലാ രോഗികൾക്കും ഇതിനുമുമ്പ് ലഭിച്ചുകൊണ്ടിരുന്ന ക്രിട്ടിക്കൽ കെയർ ചികിത്സകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു.
മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ നടന്ന തീ പിടിത്തവുമായി ബന്ധപ്പെട്ട് മറ്റു വാർഡുകളിലേക്ക് മാറ്റിയ രോഗികൾക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായതായും ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ സന്ദർശിച്ച ശേഷമുള്ള മെഡിക്കൽ ബോർഡ് യോഗമാണ് രോഗികളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യക്തമാക്കിയത്.
ആശുപത്രി സ്റ്റാഫുകളിൽ ചിലർക്ക് പുക ശ്വസിച്ചതുമൂലം നേരിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരുടേയും നില തൃപ്തികരമാണ്. രോഗികളുടെ സുരക്ഷയുംതുടർ ചികിത്സയും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു.
Kerala
തിരുവനന്തപുരം: തിരു. മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായത് ഷോർട് സർക്യൂട്ട് മൂലം. രണ്ടാം നിലയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയതെന്നാണ് വിവരം.
തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഏഴ്, എട്ട് വാർഡുകളിലേക്ക് മാറ്റി.
തീ പടരാതിരിക്കാന്‍ ഓക്സിജന്‍ ഓഫ് ചെയ്തു. രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഴുവന്‍ രോഗികളെയും മാറ്റിയെന്നും കേടുപാടുകള്‍ വന്ന ചില ഉപകരണങ്ങള്‍ മാത്രമേ മാറ്റാനുള്ളുവെന്നും അധികൃതര്‍ പറഞ്ഞു.
തി പിടിത്തത്തെ തുടർന്ന് വലിയ തോതിൽ പുക ഉയർന്നത് നിരവധി പേർക്ക് ശ്വാസതടസം നേരിട്ടു. ഗ്ലാസ് ഡോറുകൾ തകർത്താണ് ഫയർഫോഴ്സ് സംഘവും ആശുപത്രിജീവനക്കാരും രക്ഷാ പ്രവർത്തനം നടത്തിയത്.
കോർപറേഷൻ മേയർ വി.വി. രാജേഷ് സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രോഗികളെയും കൂട്ടിരിപ്പുകാരെയും സുരക്ഷിതരായി മാറ്റിയെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മേയർ വ്യക്തമാക്കി.
33 രോഗികളാണ് ഉണ്ടായിരുന്നതെന്നും അവർ സുരക്ഷിതരാണെന്നും സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. രോഗികൾക്ക് ശ്വാസ തടസം ഉണ്ടാകുന്നത് തടയാനായി ഓക്സിജൻ ട്യൂബ് ജീവനക്കാർ ഓഫ് ചെയ്തത് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉൾപ്പെടെ യുള്ള ജനപ്രതിനിധികൾ ആശുപത്രിയിൽ എത്തിയിരുന്നു
ചാക്ക, ചെങ്കൽ ചൂള സ്റ്റേഷനുകളിൽ നിന്നും ആറു യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് രക്ഷപ്രവർത്തനത്തിനെത്തിയത്.
തീപിടുത്തം വെന്റിലേറ്റര്‍ മെഷീനില്‍ നിന്ന് തന്നെയെന്ന് ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. തീ പിടുത്തത്തിന് പുറമേ പുകയും ഉണ്ടായി. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായത് – റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് .കെ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. രണ്ടാം നിലയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.
ഐസിയുവിലെ എല്ലാ ബെഡ്ഡിലും രോഗികളുണ്ടായിരുന്നു. ഇവരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ സര്‍ജറി വിഭാഗത്തിൽ നോട്ടീസ് പതിച്ച സംഭവത്തിൽ ഡോക്ടര്‍ ശിവപ്രസാദിന് മെമ്മോ. ഡോ.ശിവപ്രസാദ് അടിയന്തരമായി മെമ്മോയ്ക്ക് മറുപടി നൽകണമെന്ന് ആശുപത്രി സൂപ്രണ്ട് എ. ഷാജി വ്യക്തമാക്കി.
ഡോക്ടര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ആശുപത്രി സൂപ്രണ്ട് തള്ളി. ആശുപത്രിയിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടെന്നും ജീവനക്കാരുടെ കുറവില്ലെന്നും അദ്ദേഹത്തിന്റെ ഡിപ്പാർട്ട്മെന്റിൽ മാത്രം പത്തിലധികം സ്റ്റാഫുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. ഫാർമസി സൗകര്യം 24 മണിക്കൂറുമുണ്ട്. സജ്ജമായ തീവ്ര പരിചരണ വിഭാഗം മൂന്നെണ്ണമുണ്ട്.
പെയിന്റ് ഇളകിവീഴുന്ന സംഭവം പൂർണമായി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. പെയിന്റ് രോഗികളുടെ മേലേക്ക് വീഴുന്നില്ല. എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട വകുപ്പ് മേധാവിയെയും മന്ത്രിയെയും അടക്കം അറിയിച്ചിട്ടുണ്ട്. സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ ആളാണ് ഡോക്ടർ ശിവപ്രസാദ് എന്നും തുടർനടപടിക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിലേക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
District News
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നിര്‍മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. എം. വിജിന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. 106 പേര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി മൂന്ന് നിലകളിലായുള്ള കെട്ടിടമാണ് നിർമിച്ചത്. ഗ്രൗണ്ട് ഫ്ലോറില്‍ പത്ത് ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ട് ലെവലിലായി എട്ട് കിടക്കകളുള്ള ഒരു ഡോർ മിറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ടു നിലകളിലായി 64 കിടക്കകളുളള ഒരു ഡോര്‍മിറ്ററിയും രണ്ടാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുളളത്. സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കാന്പസിൽ മെഡിക്കല്‍ കോളജിന്റെ ഉടമസ്ഥതയിലുളളതുമായ 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കിയത്.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ചന്ദ്രന്, വൈസ് പ്രസിഡന്റ് വി.എ കോമളവല്ലി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം പി രവീന്ദ്രന്, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്മാന് ടി.വി ബാലന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദര്‍, സൂപ്രണ്ട് ഡോ. കെ. സുദീപ്, ഉദ്യോഗസ്ഥർ, രാഷ്ട്രീപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്ന് തുറന്നുപറഞ്ഞാണ് നോട്ടീസ് പതിച്ചത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. സർജറിക്കെത്തുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.
പരിശീലനം നേടിയ ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റ് പാളികളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിൽ പറയുന്നു. അഞ്ച് മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കില്ലെന്നും നോട്ടീസിലുണ്ട്.
ഇത്തരത്തിൽ എട്ട് സുപ്രധാന കാര്യങ്ങളാണ് നോട്ടീസിലൂടെ ആരോപിക്കുന്നത്. വിവാദ നോട്ടീസ് പിന്നാലെ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ ആറ് പേർ കുടുങ്ങി. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ ആറ് പേരാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് ആറ് പേരെയും പുറത്തിറക്കിയത്.
വൈദ്യുതി തകരാറിനെ തുടർന്നാണ് ലിഫ്റ്റ് പ്രവർത്തന രഹിതമായതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സുരക്ഷാ ജീവനക്കാരെത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറുപേരെയും പുറത്തിറക്കുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണ ഇത്തരത്തിൽ രോഗികളും കൂട്ടിരിപ്പുകാരും ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ആശുപത്രിയിലെ ജനറേറ്റൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് ഇടയ്ക്കിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് ആരോപണം.
ജനുവരിയിൽ ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ 5,00,000 രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തി വന്ന സമരം താത്കാലിമായി നിർത്തിവച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു.
നാളെ മുതൽ അധ്യയനം, ഒപി, ശസ്ത്രിക്രികള്‍ തുടങ്ങിയവ ആരംഭിക്കും. 18 മാസത്തെ കുടിശിക ഉടൻ അനുവദിക്കാനുള്ള നടപടികൾ ആരംഭിക്കാമെന്നും ബാക്കി 39 മാസത്തെ കുടിശിക നിയമപരമായ പരിശോധനകള്‍ക്ക് ശേഷം നൽകാമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.
ആരോഗ്യസെക്രട്ടറിയും സംഘടനയുമായി നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാനും തസ്തികള്‍ കൂട്ടാനും അടിയന്തിര നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
District News
പേരൂര്‍ക്കട: സര്‍ക്കാര്‍തലത്തില്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് ടി. റോസ്നാരാ ബീഗം ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചു. നിലവില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സമരം 32 ദിവസം പിന്നിട്ടു.
ഒപി ബഹിഷ്കരണവും അക്കാഡമിക് ബഹിഷ്കരണവും പതിനൊന്നാം ദിവസത്തിലേക്കും കടന്നു. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്കരണം ഇന്നലെ എട്ടാം ദിവസം പിന്നിട്ടു. പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ചര്‍ച്ചകളില്‍ നിന്ന് അധികൃതര്‍ പിന്നോട്ടുപോയത് ഡോക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. അതേസമയം ഒപി ബഹിഷ്കരണം തുടരുന്നതിനാല്‍ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞുതുടങ്ങി.
കൂടുതല്‍ പേര് സ്വകാര്യാശുപത്രികളെ ആശ്രയിച്ചും തുടങ്ങിയിരിക്കുകയാണ്. സമരത്തിന്റെ തുടക്കത്തില്‍ നിരവധി പേര് ഒപി പരിസരത്ത് തടിച്ചുകൂടിയിരുന്നതാണ്. സമരം നീണ്ടുപോകുമെന്നുള്ള തിരിച്ചറിവാണ് മെഡിക്കല്‍കോളജിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം കുറച്ചത്.
അതേസമയം അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണം മാത്രമെന്നു പറയുമ്പോഴും സമരം ആഴ്ചകള്‍ പിന്നിട്ടതോടെ ശസ്ത്രക്രിയയ്ക്ക് തീയതി അടുത്തുകൊണ്ടിരിക്കുന്ന രോഗികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍മാരെയും വകുപ്പുമേധാവികളെയും ഡോക്ടര്‍മാരെയും തേജോവധം ചെയ്യുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡിഎംഇ ഓഫീസിലേക്ക് ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തും.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അധ്യാപനത്തിനും രോഗീപരിചരണത്തിനും പുറമെയായി നിര്‍വഹിക്കുന്ന അധിക അഡ്മിനിസ്ട്രേറ്റീവ് ചുമതലകളില്‍ നിന്നു വിട്ടുനില്‍ക്കാനും ഇത്തരം സ്ഥാനങ്ങളില്‍ നിന്നു കൂട്ടരാജി സമര്‍പ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
രാജിവെയ്ക്കുന്ന അധിക ചുമതലകളുടെ കോളജ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തിങ്കളാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് മാരത്തോണ്‍ മാസ്റ്റര്‍ പെരുന്നല്ലി കൃഷ്ണകുമാര്‍ മെഡിക്കല്‍ കോളജില്‍ രാവിലെ ഒന്‍പത് മുതല്‍ രണ്ടു മണിക്കൂര്‍ കണ്ണുകള്‍ മൂടിക്കെട്ടി ഓടും.
Kerala
കോഴിക്കോട്: ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ചികിത്സ മുടങ്ങുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ബിജെപി മാർച്ച് നടത്തി. സമരം മൂലം ചികിത്സ മുടങ്ങുകയാണെന്നും ശസ്ത്രക്രിയ ഉൾപ്പടെ മാറ്റിവയക്കേണ്ട അവസ്ഥയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
തുടർന്ന് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ ചെറിയ തോതിൽ ഉന്തം തള്ളുമുണ്ടായെങ്കിലും പോലീസ് എല്ലാവരെയും അറസ്റ്റ് ചെ്തു നീക്കി.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാക്കൾ മുന്നറിയിപ്പ് നൽകി.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ രണ്ട് വിദ്യാർഥികൾ സ്വർണ മാലയും മൊബൈൽ ഫോണും കവർന്നു. ഡൽഹി സ്വദേശി സണ്ണി സിംഗ് (25), റെഡിയോളജി വിദ്യാർഥിയായ ഹിമാനി ബോറ (23) എന്നിവരാണ് മംമ്ത ദേവി എന്ന യുവതിയെ തടഞ്ഞുനിർത്തി സ്വർണ മാലയും മൊബൈൽ ഫോണും തട്ടിയെടുത്തത്.
ഹിമാനിയുടെ ഗ്രാമം സന്ദർശിക്കാനായി സണ്ണി പിത്തോറഡിലെ ടോളിയിൽ എത്തിയിരുന്നു. ഇതിനിടയിലായിരുന്നു വയലിൽ ജോലിയ്ക്കു പോവുകയായിരുന്ന മംമ്തയുടെ സ്വർണ മാലയും മൊബൈൽ ഫോണും കവർന്നത്.
ഇതേ തുടർന്ന് മംമ്ത നൽകിയ പരാതിയുടെ അടിസ്ഥനത്തിലായിരുന്നു ഇരുവരെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
Kerala
തൊടുപുഴ: പക്ഷാഘാതത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണയാള്‍ക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്ന പരാതിയുമായി കുടുംബം. തൊടുപുഴ നടുക്കണ്ടം സ്വദേശി പൊന്നാംകുഴിയില്‍ പി.ടി. ജയകുമാറിന്റെ (54) മരണവുമായി ബന്ധപ്പെട്ടാണ് ചികിത്സ നിഷേധമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.
കഴിഞ്ഞ 14ന് വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെ പക്ഷാഘാതം വന്ന് കുഴഞ്ഞു വീണ ജയകുമാര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്ന ു. പിന്നീടാണ് പോലീസ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സമയത്ത് ജില്ലാ ആശുപത്രിയില്‍ അത് നിഷേധിക്കപ്പെട്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
തൊടുപുഴ ചുങ്കത്തുവച്ചാണ് ജയകുമാര്‍ കുഴഞ്ഞുവീണത്. റോഡ് സൈഡില്‍ കിടക്കുന്ന ജയകുമാറിനെ പട്രോളിംഗിനിടെ പോലീസ് കണ്ടെങ്കിലും മദ്യലഹരിയില്‍ വീണുകിടക്കുകയാണെന്ന് കരുതി തിരിഞ്ഞുനോക്കിയില്ല. പുലര്‍ച്ചെ രണ്ടോടെ പോലീസ് സംഘം വീണ്ടും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ജയകുമാര്‍ അതേസ്ഥലത്തു തന്നെ കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജയകുമാര്‍ വീട്ടിലെത്താത്തിനാല്‍ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ രാവിലെ എട്ടിന് ആശുപത്രിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍ അതുവരെ യാതൊരു ചികിത്സയും ലഭ്യമാകാതെ കിടക്കുകയായിരുന്നെന്നാണ് ആരോപിക്കുന്നത്.
തിരിച്ചറിയില്‍ രേഖ ഉള്‍പ്പെടെയുള്ള പഴ്സ് അധികൃതര്‍ക്ക് ലഭിച്ചെങ്കിലും അതുവഴി ബന്ധുക്കളെ അറിയിക്കാന്‍ പോലും ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ബന്ധുക്കള്‍ വന്നതിനു ശേഷം സ്കാന്‍ ചെയ്തെങ്കിലും സ്ട്രോക്ക് ആണെന്ന് മനസിലായതിനെ ത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോട്ടയത്തേക്ക് തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍ കോട്ടയത്തും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്യാന്‍ തയാറായില്ല. ആദ്യ ദിവസം സ്ട്രെക്ചറില്‍ തന്നെ കിടന്ന ജയകുമാര്‍ അടുത്ത രണ്ടു ദിവസം നിലത്താണ് കിടന്നത്. തുടര്‍ന്ന് ബെഡ് കിട്ടിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല. തുടര്‍ന്ന് 10-ാം ദിവസം മരണപ്പെടുകയായിരുന്നു.
ആശുപത്രികളില്‍ ഉണ്ടായ വീഴ്ചയില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ജയകുമാറിന്റെ മൃതദേഹം ഇന്നലെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: സുഷമ.
Kerala
തിരുവനന്തപുരം: ശമ്പള കുടിശിക നൽകുക, പ്രവേശന തസ്തികയിലെ ശമ്പള അപാകത പരിഹരിക്കുക, പുതിയ മെഡിക്കൽ കോളജുകളിലെ ഡോക്ടർ തസ്തികകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു.
ഒപിയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും ഡോക്ടർമാർ തുടരുകയാണ്. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രതിനിധികളും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണു സർക്കാർ ഡോക്ടർമാർ സമരവുമായി മുന്നോട്ടു പോകുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ നടത്തിവരുന്ന സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. മുഖ്യമന്ത്രിയും ആരോഗ്യ-ധന മന്ത്രിമാരുമായി കെജിഎംസിടിഎ തിങ്കളാഴ്ച നടത്തിയ ചർച്ച സമയവായത്തിലെത്തിയിരുന്നില്ല.
അടിയന്തര സാഹചര്യമില്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസം പിന്നിടും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് കെജിഎംസിടിഎയുടെ തീരുമാനം.
ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തിതകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.
സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിൽ സൂപ്രണ്ടിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.
District News
അത്താണി: മെഡിക്കല്‍ കോളജ് സബ്സ്റ്റേഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും നിര്‍മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു.
സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനായി. കെഎസ്ഇബിഎല്‍ ചീഫ് എൻജിനീയർ കെ. ശാന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ പി. സുരേന്ദ്ര, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ്, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്മാന് പി.എന്‍. സുരേന്ദ്രന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ പി.എസ്. ഇന്ദു, കെ.എസ്. കൃഷ്ണകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഷയത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ റിമാൻഡ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തിയ ഒന്‍പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് റിൻഡ് ചെയ്തത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.
Kerala
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിനു പുറത്തും പ്രതിഷേധം നടക്കുകയാണ്.
അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ. ഷാഹിദയാണെന്നുമാണ് മെഡി. കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.
വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല. കാരണം കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്കി. സ്വകാര്യ ലാബിൽ എക്സ്റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്.
രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് . സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്കെതിരെ സർക്കാർ 'ഡയസ്നോൺ' പ്രഖ്യാപിച്ചു.
സമരം ചെയ്യുന്ന ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. കൂടാതെ, ഈ കാലയളവ് സർവീസിലെ ഒരു ഇടവേളയായി കണക്കാക്കുകയും ചെയ്യും.
കുടിശ്ശികയുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, പുതിയ തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ നേതൃത്വത്തിൽ ഡോക്ടർമാർ സമരം ചെയ്യുന്നത്.
ഒപി ബഹിഷ്കരണം, അക്കാദമിക് ജോലികളിൽ നിന്നുള്ള വിട്ടുനിൽക്കൽ തുടങ്ങിയ സമരമുറകൾ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികളിലേക്ക് നീങ്ങിയത്.
സമരത്തിൽ നിന്ന് പിന്മാറാൻ ഡോക്ടർമാരോട് സർക്കാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചകൾ ഫലപ്രദമാകാത്തതിനെത്തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് അധ്യാപകർ അനിശ്ചിതകാല ഒപി ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും ആരംഭിച്ചു. ഒപികളിൽനിന്നു സീനിയർ ഡോക്ടർമാർ വിട്ടുനിന്നു. പിജി വിദ്യാർഥികളും ഹൗസ് സർജൻമാരുമാണ് ഒപിയിൽ എത്തിയ രോഗികളെ പരിശോധിച്ചത്.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വ്യാഴാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റു പ്രോസീജറുകളും നിർത്താൻ സംഘടന നിർബന്ധിതമാകുമെന്ന് കെജിഎംസിടിഎ നേതാക്കൾ അറിയിച്ചു. 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽനിന്നും വിട്ടുനിൽക്കും.
അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, പോസ്റ്റ്മോർട്ടം പരിശോധനകൾ, അടിയന്തര ലബോറട്ടറി സേവനങ്ങൾ എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളജുകളിലും ധർണനടത്തി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗം നിർവഹിച്ചു. ധർണയിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു, സെക്രട്ടറി ഡോ. ഷെഫ്ന എന്നിവർ പങ്കെടുത്തു.
2016 മുതലുള്ള ശന്പള കുടിശിക നൽകുക, മതിയായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി മെഡിക്കൽ കോളജ് ഡോക്ടർമാർ കഴിഞ്ഞ ജൂലൈ ഒന്നു മുതൽ പ്രതിഷേധത്തിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ഇന്ന് മുതൽ തുടങ്ങും. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.
ശമ്പള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.
District News
ഗാന്ധിനഗർ: കോട്ടയം ഗവ. മെഡിക്കല്‍ കോളജ് മികവിന്റെ പാതയില്‍ മുന്നേറുന്നു. മെഡിക്കൽ കോളജ് ആശുപത്രി ഏർപ്പെടുത്തിട്ടുള്ള 283.60 കോടി രൂപയുടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാടിനു സമര്‍പ്പിക്കും.സര്‍ജിക്കല്‍ ബ്ലോക്ക്, സ്കിന്‍ബാങ്ക്,
കാത്ത്ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്ടേഷന്‍ മാനേജ്മെന്റ് സെന്റര്‍ തുടങ്ങി വികസന പദ്ധതികളാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയത്. ഉദ്ഘാടന സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് സ്വാഗതം പറയും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
അവയവം മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയയില്‍ ഒന്നാമത്
സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മികവിന്റെ പടവിലാണ്. ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്നു പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളജിന് മാറാൻ സാധിച്ചു.
ഡല്‍ഹി എയിംസിനു ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നടത്തിയത്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമായി ഉയർന്നു. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളജിനു സാധിച്ചു.
ഇനിയും പരിഹരിക്കാത്ത
പോരായ്മകൾ
അതേസമയം ആശുപത്രിയിലെ പോരായ്മകൾ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. വെന്റിലേറ്റർ സൗകര്യം വേണ്ട രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. മറ്റു ആശുപത്രികളിൽ ഐസി യുവിൽ കഴിയുന്ന രോഗികൾ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയ്ക്ക് വരാൻ താത്പര്യപ്പെടുന്നുണ്ട്.
എന്നാൽ ഇവിടെ വെന്റിലേറ്റർ സൗകര്യം ലഭ്യമാണോ എന്ന് അന്വേഷിച്ച് ബന്ധപ്പെട്ട അധികൃതരെ ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും വെന്റിലേറ്റർ സൗകര്യം ലഭ്യമല്ലെന്ന വിവരമാണ് ലഭിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ആശുപത്രിയിൽ വെന്റിലേറ്റർ ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തുടങ്ങിയ വിഭാഗം ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സ് കാലപ്പഴക്കത്തെത്തുടർന്ന് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അറ്റകുറ്റപ്പണി നടത്താൻ ജീവനക്കാർ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയായിട്ടില്ല.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായത് ആശങ്ക പടർത്തി. ആശുപത്രിയിലെ ജനറേറ്റർ റൂമിൽനിന്നാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഫയർ എക്സിക്യൂഷൻ ഉപയോഗിച്ചു തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോന്നിയിൽനിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയിൽനിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രദേശത്ത് രാവിലെ മുതൽ വൈദ്യുതി മുടങ്ങിയിരുന്നതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ആശുപത്രിയിൽ വൈദ്യുതി എത്തിച്ചിരുന്നത്. തീയും പുകയും കണ്ട ഉടൻതന്നെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് രോഗികളെ ഒഴിപ്പിച്ചിരുന്നു. ജനറേറ്റർ റൂമിൽ സൂക്ഷിച്ചിരുന്ന ഡീസൽ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റുകയും ചെയ്തു.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക മെഡിക്കൽ കോളജിന്റെ മുകൾ നിലയിലേക്കു വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ ബ്ലോവർ എത്തിച്ചു പുക പുറത്തേക്ക് വലിച്ചു കളയാനുള്ള ശ്രമവും ഫയർഫോഴ്സ് തുടങ്ങിയിട്ടുണ്ട്.
തീപിടിത്തത്തെത്തുടർന്നു രോഗികളും ജീവനക്കാരും ഏറെ നേരം പരിഭ്രാന്തരായി. പുതിയ കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച ജനറേറ്ററാണ് അഗ്നിക്കിരയായത്.
District News
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ രോഗികള്‍ക്കായി ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. കേരള എന്‍ജിഒ യൂണിയന് തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചത്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാസ് പ്, മെഡിസെപ് ഉള്‍പ്പെടെയുള്ള കൗണ്ടറുകളെക്കുറിച്ചും അവയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും രോഗികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, വിവിധ ഒപികളെക്കുറിച്ച് വിവരം നല്‍കുക എന്നിവയ്ക്കൊപ്പം കെ-സോട്ടോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവദാന രജിസ്ട്രേഷനും ഈ കൗണ്ടറിലൂടെ നടത്താം.
കാലങ്ങളായി രോഗികള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കിയതിന്റെ ഭാഗമായാണ് യൂണിയന് ഹെല്‍പ്പ് ഡെസ്ക് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ഒപി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നത്. എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന് ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ നോബിള്‍ ഗ്രേഷ്യസ്, ദക്ഷിണമേഖല നോഡല്‍ ഓഫീസര്‍ രാഖി കൃഷ്ണന്, എന്‍ജിഒ യൂണിയന് ജില്ല സെക്രട്ടറി പി.കെ. വിനുകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
ആലപ്പുഴ/ കോട്ടയം: വിവിധ മെഡിക്കൽ കോളജ് ആശുപ്രതികളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രോഗികളെ വലച്ചു. കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെയാണ് ഒപി ബഹിഷ്കരണ സമരം ആരംഭിച്ചത്.
ഡോക്ടർമാർ സമരത്തിലാണെങ്കിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജൂണിയർ ഡോക്ടർമാരും ഒപിയിൽ പരിശോധന നടത്തിയിരുന്നു. എങ്കിലും മുതിർന്ന ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒപി ടിക്കറ്റെടുത്ത ശേഷം രോഗികൾ പലരും മടങ്ങിയെന്ന് ഇ-ഹെൽത്ത് പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
രോഗികൾ മടങ്ങി
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 8 ഒപികളിലാണ് ഇ-ഹെൽത്ത് പോർട്ടൽ വഴി ഒപി ടിക്കറ്റ് നൽകുന്നത്. അസ്ഥിരോഗ വിഭാഗം, മെഡിസിൻ, ഇഎൻടി, പ്രതിരോധ കുത്തിവയ്പ്, സർജറി, മനഃശാസ്ത്ര വിഭാഗം, നേത്രരോഗ വിഭാഗം, ശിശുപരിചരണ വിഭാഗം എന്നീ ഒപികളിലായി 1757 പേരാണ് ഒപി ടിക്കറ്റെടുത്തത്. എന്നാൽ, ഡോക്ടർമാരുടെ അടുത്ത് പരിശോധനയ്ക്ക് എത്തിയത് 955 പേർ മാത്രമാണെന്ന് ഇ- ഹെൽത്ത് പോർട്ടലിലുണ്ട്. ഒപി കൗണ്ടറുകൾക്കു മുൻപിൽ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു.
സമരം കടുപ്പിക്കും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഏറെ നാളായി സമരരംഗത്താണ്. മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഒപിയും അടിയന്തര ചികിത്സയും ശസ്ത്രക്രിയയും ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിച്ചായിരുന്നു ഇതുവരെ സമരം. ഇന്നലെ മുതൽ ഒപി ബഹിഷ്കരണം ആരംഭിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം ഒൻപതു മുതൽ ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കുമെന്നും 11 മുതൽ പരീക്ഷാജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു.
എൻട്രി കേഡർ ശമ്പളത്തിലെ ഇടിവ്, ശമ്പളപരിഷ്കരണ കുടിശിക, പെൻഷൻ സീലിംഗ്, നിയമനമില്ലാതെ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത്, എൻഎംസി അംഗീകാരം നേടുന്നതിനായി ഡോക്ടർമാരെ കോളജുകൾക്കിടയിൽ മാറ്റി നിയമിക്കുന്നതിലൂടെ പഴയ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തകരുന്നത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ സമരം.
പ്രതിഷേധ മാർച്ച്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ 10ന് സൂപ്രണ്ട് ഓഫീസിൽനിന്ന് അത്യാഹിതംവരെ നടത്തിയ പ്രതിഷേധ മാർച്ചിന് മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 11.30ന് പരിപാടി സമാപിച്ചു.
പ്രതിഷേധ പരിപാടി കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഡോ. ഫ്രഡറിക് പോൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. സദറുദീൻ, ഡോ. വേണുഗോപാൽ, ഡോ. ജോസ് മോൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഡോ. നെറ്റോ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ മിസ് അലൈന, സ്റ്റുഡന്റ്സ് യൂണിയൻ അംഗം ഡോ. ഫർഹാൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. ആശിഷ് എന്നിവർ പ്രസംഗിച്ചു.
തെരുവുനാടകം
കേരളത്തിലെ മെഡിക്കൽ കോളജുകളിലുടനീളം ഡോക്ടർമാരുടെ ഒഴിവുകൾ വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി “ഒഴിഞ്ഞ കസേരയിൽ കോട്ട്” എന്ന ആശയവുമായി തെരുവുനാടകം അവതരിപ്പിച്ചു. മെഡിക്കൽ കോളജുകളിലെ ഒഴിവ് തസ്തികകളും അതുമൂലം പൊതുജനാരോഗ്യ സംവിധാനത്തിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ശക്തമായി ഈ നാടകം ആവിഷ്കരിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരപരിപാടികൾ ശക്തമാക്കുമെന്നും അനിശ്ചിതകാല ഒപി ബഹിഷ്കരണം തുടരുമെന്നും കെജിഎംസിടിഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചൊവ്വാഴ്ച ആൻജിയോ ഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് തന്ത്രി.
നേരത്തെ ജയിലില്‍ വച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച ആന്‍ജിയോഗ്രാം ചെയ്ത് വൈകിട്ട് വരെ നിരീക്ഷണത്തില്‍ ഇരുത്തിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.
ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒന്‍പതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തത് കണ്ഠരര് രാജീവര് ആണെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
തട്ടിപ്പിന് മൗനാനുവാദം നല്കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റിമാൻഡിലായി തൊട്ടടുത്ത ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി രാജീവര്‍ക്ക് ദീര്‍ഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തന്ത്രിയുടെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി മൂന്നിന് പരിഗണിക്കും.
Kerala
കോഴിക്കോട്: ശമ്പളപരിഷ്കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 27-ന് സൂചനയായി ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.
ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും.
ഫെബ്രുവരി 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.
അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. ഒപി ബ്ലോക്കിന് സമീപത്തുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.